2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

ബാബിലോണ്‍


എന്‍റെ നാട്ടിലും വൈദ്യുത ദീപങ്ങള്‍ ഉണ്ട്..
ഇവിടത്തെ പോലെയല്ല..!..
അവ ഇടയ്ക്കിടെ കണ്ണ് പോത്തും...!!!...
ഇരുട്ട് കൂട് വെച്ച തെങ്ങിന്‍ തോപ്പിനുള്ളിലെ,
ഇത്തിരിയാകാശത്തില്‍ -
ആകാശഗംഗയില്‍ നിന്നും
അരണ്ട നിലാവൊഴുകും..
നാണം കുണുങ്ങി നക്ഷത്രങ്ങള്‍
മേഘക്കീറു കൊണ്ട് മുഖം മറയ്ക്കും..!
പാട്ട് പാടുന്ന കാറ്റിനെ കുറിച്ചോര്‍ത്ത്
ദാ...ഞാന്‍ പിന്നെയും ചിരിക്കുന്നു...!


എന്നാല്‍ ഇവിടം അങ്ങിനെയല്ല..
എന്‍റെ കണ്ണുനീര്‍ വീണു പൊള്ളിയ
"  തൈമ"   യിലെ പൂഴി മണ്ണില്‍ -
ഇനിയും ഇല കിളിര്‍ത്തില്ല..!!!
ദോഹയിലെ നീണ്ട പുകക്കുഴലുകളില്‍
നിന്നും അര്‍ദ്ധരാത്രിയായാലും
പുകയോടുങ്ങില്ല...!!
വിദൂരതയില്‍ , ചക്രവാളത്തിലെ -
മെഴുകുതിരി നാളം , ഏതോ എണ്ണ -
കിണറിന്‍റെ ക്രൂരതയൂറുന്ന
ദ്രംഷ്ടകള്‍ ആണെന്ന് ഞാന്‍ സങ്കല്‍പ്പിക്കും..!!!..
ഇവിടം ഇങ്ങനെയാണ്...


നിസ്സഹായതയുടെ വേദനയില്‍
ഞാന്‍ നീറിപ്പുകയെ ...,
ചിതല്‍ തിന്ന ഓര്‍മകള്‍ എനിയ്ക്ക് -
തിരിച്ചു കിട്ടുകയായിരുന്നു..
കൊച്ചു കുരുവികള്‍ക്ക് മാത്രം
ജീവനുള്ള ഈ ലോകത്തില്‍
അവയുടെ പാട്ട്
എനിയ്ക്കാശ്വാസ ഗീതമായി...!


സുരക്ഷിതത്വത്തിന്‍റെ ആഡംബരങ്ങള്‍ക്കുള്ളിലും
മരണം പതിയിരിപ്പുണ്ടെന്നു ഞാനറിഞ്ഞു..!
പരിഷ്ക്രിതര്‍ എന്നഭിമാനിച്ചിരുന്നവര്‍ പോലും
ഭയത്തിന്‍റെ മുള്‍ മുനയിലിരുന്ന്
വിളറി ചിരിച്ചു...!
'തീവ്രവാദം' അതിനു വിത്ത് പാകുമ്പോള്‍ -
അവരറിഞ്ഞിരുന്നില്ലല്ലോ അത് അവരുടെ
സൊപ്നങ്ങളെ തന്നെ വേട്ടയാടുമെന്ന് ..!!!


നഗരങ്ങളുടെ പ്രകാശവലയങ്ങള്‍
നക്ഷത്രങ്ങളുടെ ഓജസ്സു കവര്‍ന്നിരിക്കുന്നു...
ജീവനില്ലാത്ത ആകാശത്തില്‍
യന്ത്ര പക്ഷികള്‍ മൂളി പറക്കുന്നു...
അതില്‍ ഇരതേടി കഴുകരുമുണ്ട് ..
വിശുദ്ധമായ ബാബിലോണ്‍ നഗരത്തില്‍
അവ പാപം പൊതിഞ്ഞ കല്ലെറിഞ്ഞു ...
അതെത്ര ഭീകരമായാണ്
പൊട്ടിത്തെറിച്ചിരുന്നത്...
വെന്ത മാംസവും,ചോരയും നെഞ്ചിലേറ്റി-
യൂഫ്രട്ടീസും,ടൈഗ്രീസും കടലിലെക്കൊഴുകി ..


ചൂളം കുത്തിയ പൊടിക്കാറ്റ്‌ -
ഇന്നലെയിവിടെ ചെളിമഴ പെയ്യിച്ചു..!
മഴ തോര്‍ന്നു മാനം തെളിഞ്ഞപ്പോള്‍
നഗരത്തിലെ കുംഭ ഗോപുരങ്ങള്‍
തെളിഞ്ഞു കാണാമായിരുന്നു..
മോഹഭംഗം കൊണ്ട് ഞാന്‍ ചിരിച്ചു..!
കറുപ്പ് വെളുപ്പാണെന്നും,
വെളുപ്പ്‌ കറുപ്പാണെന്നും
തോനുന്ന ഈ മരീചിക
സ്വര്‍ഗ്ഗമാണെന്നാണ് ഞാന്‍ കരുതിയിരുന്നത് ...
എന്നാല്‍ എളുപ്പം മനസ്സിലായി..-
നാം നമ്മെ ചതിക്കുന്നിടത്തോളം,
മറ്റുള്ളവര്‍ക്ക് നമ്മെ ചതിക്കാനാകില്ല...!


എന്‍റെ കണ്ണുകളില്‍ ഇനിയും
സോപ്നങ്ങള്‍ ശേഷിക്കുന്നുണ്ട്...!..
തൂവലുകള്‍ ഇല്ലാത്ത ചിറകുകള്‍
വീശിയിട്ടാണെങ്കിലും
അതി വിദൂരെയുള്ള ആ പര്‍ണ്ണശാലയിലേക്ക്
എനിയ്ക്ക് പറന്നു പോകണം...
സ്നേഹത്തിന്റെ കൊച്ചു ദീപ ശിഖകള്‍
ചുണ്ടിലെടുത്തു വാനം നിറയ്ക്കാനായ്‌ മാത്രം....

ഇല്ലെങ്കില്‍ ....,
ഇല്ലെങ്കില്‍ മരണത്തിനാണ് കൂടുതല്‍ സൌന്ദര്യം..!!
പക്ഷേ അതിനു മുന്‍പ്‌ എനിയ്ക്കെന്‍റെ
മുഖത്തേക്ക് ഒന്ന് കാറി തുപ്പണം..,
പിന്നീട് ഈ ലോകത്തിലേയ്ക്കും...




06-04-2004
('തൈമ'യും,'ദോഹ'യും കുവൈത്തിലെ രണ്ടു സ്ഥല നാമങ്ങള്‍ )